Wednesday 18 July 2012

നീര്‍ച്ചാലുകള്‍ ...

മനസ്സിന്റെ ഇരുളടഞ്ഞ ഇടങ്ങളില്‍ നിന്നും 
കണ്ണീരിന്റെ അരുവികള്‍ പ്രവഹിക്കുന്നു.
അവ ,എണ്ണമറ്റ നീര്‍ച്ചാലുകള്‍ 
സൃഷ്ട്ടിക്കുന്നു.
വേദനയുടെ സാഗരത്തിലലയുന്ന 
കണ്ണുനീര്‍ കലങ്ങിക്കറുത്ത നീര്‍ച്ചാലുകള്‍.
ഹൃദയത്തില്‍ 
അവ്യക്ത നൊമ്പരങ്ങളുടെ 
നാഴികക്കല്ലുകള്‍ .
അവ നിശ്ചിത അകലങ്ങളില്‍ 
തപസ്സിരിക്കുന്നു.
അന്തമില്ലാത്ത ജീവിത ദു:ഖങ്ങളുടെ 
കരിനിഴല്‍ മൂടിയ 
മനസ്സിന്റെ 
ഇരണ്ട ഇടനിലങ്ങളില്‍ 
ഉറവെടുക്കുന്ന കണ്ണീര്‍ച്ചാലുകള്‍;
അവ, ഒരു പ്രവാഹമായി 
ഉയരുന്നു;
സകലതും വാരി വിഴുങ്ങുന്നു ;
ചുഴികളും മലരികളും സൃഷ്ട്ടിച്ച്  ,
ഒരു കണ്‍ ചിമ്മലില്‍ 
ഒതുക്കാന്‍ പറ്റാത്തത്ര വേഗതയില്‍ 
കറങ്ങിത്തിരിയുന്നു ....
വീണ്ടും,
ദു:ഖത്തിന്റെ ഈന്തപ്പനകള്‍ 
മനസ്സിന്റെ മരുഭൂവില്‍ 
ഗതി കിട്ടാതെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.
ആ തണല്‍ തരാത്ത 
ഈന്തപ്പനകള്‍ക്കപ്പുറം ,
നീര്‍ച്ചാലുകള്‍ മൃഗതൃഷ്ണകളായി 
മയങ്ങി വീഴുന്നു.
ചുറ്റുമിരമ്പുന്ന ജീവിത ദു:ഖത്തിന്റെ 
കൂര്‍ത്ത കത്തിമുനയില്‍ 
ഒരു ചെറുഹൃദയം
ചുവന്ന മംസക്കഷ്ണമായി കുരുങ്ങുമ്പോള്‍ ,
ചുവന്ന നേര്‍വരകളായി 
തിളങ്ങുന്ന സൂചികള്‍ 
അതില്‍ ചിത്രം വരക്കുമ്പോള്‍ 
അറിയാതെ ഏതോ നീര്‍ച്ചാലുകള്‍ 
മനസ്സില്‍ പതഞ്ഞുയരുന്നു.
നേരിയ അസ്വാസ്ഥ്യവും ,.
വളരെ നേര്‍ത്ത മാധുര്യവും പകര്‍ന്ന് 
ഉള്ളിലൊഴുകിയിറങ്ങിയ 
നീര്‍ച്ചാലുകള്‍ 
സമതല പ്രാപിതങ്ങളാകുന്നു- 
അറിയപ്പെടാത്ത ഊഷരഭൂമികളില്‍ തട്ടി 
ഉന്മേഷഭരിതങ്ങളാകുന്നു .
ആ കറുത്ത കണ്ണീര്‍ ചാലുകളില്‍ ,
എന്റെ അസ്ഥിത്വം 
വേര്‍തിരിക്കാനാവാത്ത ബിന്ദുവായി 
ലയിച്ചു ചേര്‍ന്നിരിക്കുന്നു.
വൈകാതെ,
തണല്‍ മരങ്ങളില്ലാത്ത 
ഒരു മരുഭൂമി ;
നീര്‍ച്ചാലുകള്‍ ,
ദൂരെ മൃഗ തൃഷ്ണകള്‍ 
വീണ്ടും,
ദു:ഖത്തിന്റെ വാല്മീകത്തിനുള്ളില്‍ 
ഞാനൊരു ചിതലായി 
നുഴഞ്ഞു കയറുന്നു.
ഈ  ചിതല്‍പ്പുറ്റിനുള്ളില്‍ ,
എന്റെ അസ്തിത്വത്തെ 
ഞാന്‍ എന്നെന്നേക്കുമായി 
ഉറക്കിക്കിടത്തുന്നു.


9 comments:

  1. നീലിമാ..

    ദുഖങ്ങളും വേദനകളും മാത്രമല്ലോ സുഹൃത്തെ എവിടെയും...
    നോവുന്ന മനസ്സിനെ ആര്‍ദ്രമാക്കാന്‍ ഇനിയുമിനിയും എഴുതൂ..
    കണ്ണുനീര്‍ച്ചാലുകളില്‍ നിന്‍റെ ദുഖവും ഒലിച്ചുപോകട്ടെ...
    വാല്മീകത്തിനുള്ളില്‍ ഇരുളിനെയും ഏകാന്തതയെയും തേടാതെ, പുലരിയും കിളികളേയും കണ്ടു കണ്‍കുളിര്‍ക്കാന്‍ ഉണരൂ...

    ആശംസകളോടെ.....

    ReplyDelete
    Replies
    1. മനുഷ്യരുടെ മനസ്സില്‍ സന്തോഷത്തെക്കാളേറെ ദു:ഖമാകാനാണ് സാധ്യത..ആശംസകള്‍ക്ക് നന്ദി .കൂടെ നല്ലൊരു പുലരിയും നേരുന്നു.

      Delete
  2. കണ്ണിര്‍ച്ചാലുകള്‍ നീന്തിക്കയറുന്ന വരികളാണല്ലൊ മുഴുവനും.

    ReplyDelete
    Replies
    1. അടുത്തതില്‍ കണ്ണീര്ച്ചാല് ഒഴിവാക്കാം.നന്ദി ചേട്ടാ.

      Delete
  3. മനസ്സ് .... വിവരിക്കുവാന്‍ കഴിയാത്ത
    തലം സൃഷ്ടിക്കുന്നുണ്ട് ..
    അസ്വസ്ഥമായ മനസ്സില്‍ നിന്നും
    വാക്കുകള്‍ നിരയായ് ഒഴുകും ..
    പാകപെടുതാത്ത അര്ത്ഥങ്ങളുടെ
    സമ്മേളനമാകുമത് ... കൂട്ടി വായിക്കുവാനല്ല ..
    ഒരൊ വാക്കെടുത്ത് വിലയിരുത്തിയാല്‍
    ചിലപ്പൊള്‍ ഹൃദയം കാണാമായിരിക്കുമല്ലേ ..
    വ്യക്തമല്ലാത്ത ദുഖത്തിന്റെ നീര്‍ചാലുകള്‍ ...
    പിന്നെ മരുഭൂവ് .. ചിലതെനിക്ക് അവ്യക്തം തന്നെ ..
    സ്വന്തം നീര്‍മണികള്‍ കൊണ്ട് ഉഷ്ണവേവിലൊരു
    നീരുറവ തീര്‍ക്കുവാനായാല്‍ അതും മഹത്വം തന്നെ ..
    നീലിമ ഇത്തിരി വ്യക്തത വരുത്താം കേട്ടൊ ..
    ലളിതമാക്കാം , എനിക്ക് ദഹിക്കുന്നില്ല ..
    സ്നേഹപൂര്‍വം

    ReplyDelete
  4. ഈ അഭിപ്രായം മാനിക്കുന്നു..ശ്രമിക്കാം റിനി..സത്യസന്ധമായ അഭിപ്രായത്തിന് വളരെ നന്ദി. ചില തോന്നലുകള്‍. അതിങ്ങനെ വാലും തലയുമില്ലാതെ.
    വന്നുകൊണ്ടിരിക്കും ചില നേരത്ത്.

    ReplyDelete
  5. മൊത്തത്തില്‍ നീര്‍ച്ചാലുകള്‍ ആണല്ലോ നീലിമ.
    നീര്‍ച്ചാലുകള്‍ക്കെതിരെ പൊരുതണം, പൊരുതി ജയിക്കണം!
    വ്യക്തത എനിക്കും പ്രശ്നമായിരുന്നു കെട്ടോ.

    ReplyDelete
    Replies
    1. ശ്രമിക്കാം ചേട്ടാ ..സിമ്പിള്‍ ആക്കാന്‍...

      Delete
  6. നന്നായി എഴുതി
    ആശംസകള്‍

    http://admadalangal.blogspot.com

    ReplyDelete