Sunday 16 September 2012

പുഴയോളം പൂക്കുന്ന ചെമ്പകമരം ..


ഇന്നലെയുടെ സ്വപ്നങ്ങളിലെല്ലാം നിറഞ്ഞിരുന്നു ..
പ്രണയം തോന്നിയിരുന്നു , ആ ഭാവനയോട് ..
പറയാന്‍ തോന്നിയില്ല , ആ കണ്ണുകളോട് ..
പുഴയില്‍ കടപുഴകിയ  ചെമ്പകമരത്തോട്
വിടയോതുമ്പോള്‍ മിഴികള്‍ പുഴയായിരുന്നു ..

Monday 20 August 2012

നീറ്റല്‍

'ഇന്നലെയാണ് കടല്‍ തീരത്ത്‌  പോകുന്നത് '...
പാതിമറഞ്ഞ ഓര്‍മ്മയുടെ നാല് കാല്‍പ്പാടുകള്‍
തിരതട്ടി തകരാതെ തെളിഞ്ഞ് കിടപ്പുണ്ട് ..
കാലമെടുത്തൊന്ന് മായ്ച്ചു നോക്കി
ഉണങ്ങാത്ത മുറിവില്‍ ഉപ്പുരസം തൊട്ടൊന്ന് നീറ്റി
പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ  തന്ന്
നാളേക്കായി  പിരിഞ്ഞു പോയി .. ..

Thursday 2 August 2012

നിന്നിലൂടെ .


മറഞ്ഞിരിക്കുവാനാകില്ല  നിനക്ക്..
ഹൃദയത്തില്‍ വസിക്കുന്ന  നിനക്ക്-
വരികളിലൂടെ രൂപം വയ്ക്കുമ്പോള്‍
നഷ്ടമാകുന്നത് എനിക്കാണ് , രൂപമില്ലാത്തവള്‍ .
നിനക്കായി എഴുതിയ വരികളില്‍ ത്രാണി
ഇല്ലാതെ പ്രണയം ഒളിച്ചോടുമ്പോള്‍
എന്നില്‍ നീ കരുത്താര്‍ജ്ജിക്കുകയായിരുന്നു. 

Wednesday 25 July 2012

കാത്തിരിപ്പ്


കാത്തിരിപ്പിന്റെ ദൈര്‍ഘ്യം ..
മൗനത്തിന്റെ നീണ്ട നിശബ്ദത..
ദീര്‍ഘ നിശ്വാസ്സത്തിന്റെ ഇടവേളകള്‍ ..
മരുന്നു കൂട്ടുകളുടെ രൂക്ഷ ഗന്ധം ..
എന്നിട്ടും , അവനെന്നെ തനിച്ചാക്കി പോയെന്ന്..!
മൗനത്തെ  കൂട്ടിനിരുത്തി  , ഒടുങ്ങാത്ത കാത്തിരിപ്പ് നല്‍കി .

Wednesday 18 July 2012

നീര്‍ച്ചാലുകള്‍ ...

മനസ്സിന്റെ ഇരുളടഞ്ഞ ഇടങ്ങളില്‍ നിന്നും 
കണ്ണീരിന്റെ അരുവികള്‍ പ്രവഹിക്കുന്നു.
അവ ,എണ്ണമറ്റ നീര്‍ച്ചാലുകള്‍ 
സൃഷ്ട്ടിക്കുന്നു.
വേദനയുടെ സാഗരത്തിലലയുന്ന 
കണ്ണുനീര്‍ കലങ്ങിക്കറുത്ത നീര്‍ച്ചാലുകള്‍.
ഹൃദയത്തില്‍ 
അവ്യക്ത നൊമ്പരങ്ങളുടെ 
നാഴികക്കല്ലുകള്‍ .
അവ നിശ്ചിത അകലങ്ങളില്‍ 
തപസ്സിരിക്കുന്നു.
അന്തമില്ലാത്ത ജീവിത ദു:ഖങ്ങളുടെ 
കരിനിഴല്‍ മൂടിയ 
മനസ്സിന്റെ 
ഇരണ്ട ഇടനിലങ്ങളില്‍ 
ഉറവെടുക്കുന്ന കണ്ണീര്‍ച്ചാലുകള്‍;
അവ, ഒരു പ്രവാഹമായി 
ഉയരുന്നു;
സകലതും വാരി വിഴുങ്ങുന്നു ;
ചുഴികളും മലരികളും സൃഷ്ട്ടിച്ച്  ,
ഒരു കണ്‍ ചിമ്മലില്‍ 
ഒതുക്കാന്‍ പറ്റാത്തത്ര വേഗതയില്‍ 
കറങ്ങിത്തിരിയുന്നു ....
വീണ്ടും,
ദു:ഖത്തിന്റെ ഈന്തപ്പനകള്‍ 
മനസ്സിന്റെ മരുഭൂവില്‍ 
ഗതി കിട്ടാതെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു.
ആ തണല്‍ തരാത്ത 
ഈന്തപ്പനകള്‍ക്കപ്പുറം ,
നീര്‍ച്ചാലുകള്‍ മൃഗതൃഷ്ണകളായി 
മയങ്ങി വീഴുന്നു.
ചുറ്റുമിരമ്പുന്ന ജീവിത ദു:ഖത്തിന്റെ 
കൂര്‍ത്ത കത്തിമുനയില്‍ 
ഒരു ചെറുഹൃദയം
ചുവന്ന മംസക്കഷ്ണമായി കുരുങ്ങുമ്പോള്‍ ,
ചുവന്ന നേര്‍വരകളായി 
തിളങ്ങുന്ന സൂചികള്‍ 
അതില്‍ ചിത്രം വരക്കുമ്പോള്‍ 
അറിയാതെ ഏതോ നീര്‍ച്ചാലുകള്‍ 
മനസ്സില്‍ പതഞ്ഞുയരുന്നു.
നേരിയ അസ്വാസ്ഥ്യവും ,.
വളരെ നേര്‍ത്ത മാധുര്യവും പകര്‍ന്ന് 
ഉള്ളിലൊഴുകിയിറങ്ങിയ 
നീര്‍ച്ചാലുകള്‍ 
സമതല പ്രാപിതങ്ങളാകുന്നു- 
അറിയപ്പെടാത്ത ഊഷരഭൂമികളില്‍ തട്ടി 
ഉന്മേഷഭരിതങ്ങളാകുന്നു .
ആ കറുത്ത കണ്ണീര്‍ ചാലുകളില്‍ ,
എന്റെ അസ്ഥിത്വം 
വേര്‍തിരിക്കാനാവാത്ത ബിന്ദുവായി 
ലയിച്ചു ചേര്‍ന്നിരിക്കുന്നു.
വൈകാതെ,
തണല്‍ മരങ്ങളില്ലാത്ത 
ഒരു മരുഭൂമി ;
നീര്‍ച്ചാലുകള്‍ ,
ദൂരെ മൃഗ തൃഷ്ണകള്‍ 
വീണ്ടും,
ദു:ഖത്തിന്റെ വാല്മീകത്തിനുള്ളില്‍ 
ഞാനൊരു ചിതലായി 
നുഴഞ്ഞു കയറുന്നു.
ഈ  ചിതല്‍പ്പുറ്റിനുള്ളില്‍ ,
എന്റെ അസ്തിത്വത്തെ 
ഞാന്‍ എന്നെന്നേക്കുമായി 
ഉറക്കിക്കിടത്തുന്നു.


Tuesday 12 June 2012

നിറക്കൂട്ട്‌























പ്രിയ ചിത്രകാരാ ,,,
നീ,നിന്റെ കര്‍ത്തവ്യം തുടരു ,
മുഴുമിക്കാത്ത ചിത്രങ്ങള്‍ക്ക്--
പുതിയ നിറക്കൂട്ടുകള്‍ ചേര്ക്കു
പുതിയ ഭാവം പകരൂ ;
ക്യാന്‍വാസില്‍ പൂര്‍ത്തിയാക്കാത്ത
മുഖം ഒരു സ്ത്രീയുടെതാണോ ?
ആണെങ്കിലവളുടെ മാംസളമായ
കവിളുകള്‍ക്ക്,
പ്രശാന്തിയുടെ ഇളം ചുവപ്പോ അതോ
രൗദ്രതയുടെ കടും ചുവപ്പോ?
അവള്‍ടെ വിടര്‍ന്ന
കണ്ണുകള്‍ക്ക്‌
പ്രതീക്ഷാഭാവമോ അതോ
പ്രതികാര ജ്വാലയോ?
അവളുടെ ചുവന്നു തുടുത്ത ചുണ്ടില്‍
വശ്യതയുടെ പുഞ്ചിരിയോ അതോ
വഞ്ചനയുടെതോ ?
അവളുടെ പട്ടുപോലുള്ള
തലമുടിയില്‍
ആരോഗ്യത്തിന്റെ തള്ളിച്ചയോ അതോ
വറുതിയുടെ പാറിപ്പറക്കലോ  ?
ഇത്തരം ഭാവങ്ങളാണോ
നീ നിന്റെ ചിത്രങ്ങള്‍ക്ക് നല്‍കുന്നത്?
എങ്കില്‍,
പ്രീയ ചിത്രകാര...
നീ നിന്റെ കര്‍മ്മം മതിയാക്കൂ മതിയാക്കൂ .

Saturday 2 June 2012

കാത്തിരിപ്പിനൊടുവില്‍ ??????????????


കാത്തിരിപ്പിനൊടുവില്‍  ??????????????
ഇന്നലെ രാവില്‍ മെല്ലെ മെല്ലെ മഴയായ് നീ എന്നില്‍ പെയ്തു നിറഞ്ഞു    !!!!