Saturday, 30 November 2013

സ്മൃതികൾ ..വേദനകൾ ..

എന്റെ പ്രണയത്തെ നീ കഴുവിലേറ്റി .
വഞ്ചനയുടെ വിടർന്ന കണ്ണുകൾ ചുവക്കുന്നതും 
അതിൽ കാമം നിറയുന്നതും നീയതിൽ 
നീന്തി തുടിക്കുന്നതും കാണുമ്പോൾ , 
കരുതിയിരിക്കുക 
നിന്നോടുള്ള പരിശുദ്ധ പ്രണയത്തിന്റെ 
ഗതികിട്ടാത്താത്മാവിന്റെ 
കണ്ണിലെ തീമഴ നിന്നിൽ പതിയും 
നീയും കഴുവേറ്റപ്പെടും 
അതേ കഴുമരത്തിൽ ..

Wednesday, 30 October 2013

നിന്നിലേക്കൊരു ...യാത്ര

ജന്മാന്തര ശാപങ്ങളുടെ ചുഴിയിലേക്ക് മറയുമ്പോൾ
അരുത് ,കൈവിരൽത്തുമ്പ്‌  ഇനിയും നീട്ടരുത് ..
മോക്ഷം കിട്ടാത്ത ആത്മാവിന്റെ 
യാത്ര   തുടരട്ടെ ..
ജന്മാന്തരങ്ങളുടെ കൽപ്പടവിൽ കാത്തു നിൽക്കാമെന്ന വാക്ക്
ഇവിടെ ഉപേക്ഷിക്കുന്നു എന്നേക്കുമായി ..
ഇനിയും ജന്മങ്ങളെത്ര  പിറക്കണം ..
ശാപമോക്ഷം നേടി നിന്നടുത്തെത്താൻ 
ഞാനെൻ  യാത്ര തുടരുന്നു  ...

Monday, 19 August 2013

മാ മഴ ..

മാമര ചില്ലകളില്‍
താമര അല്ലികളില്‍
താഴമ്പൂമൊട്ടുകളില്‍
വരണ്ട കാറ്റിനെ  മറോടണച്ച്
ആര്‍ത്തലച്ച പ്രണയാർദ്ര മഴ സന്ധ്യ ...
നീയാണെന്നെ പഠിപ്പിച്ചത് മഴയത്ത് നടക്കാന്‍
കൈകുമ്പിളില്‍ നിറച്ച് പകര്‍ത്താന്‍ ..!

Friday, 31 May 2013

പ്രാണനാഥന്‍ , എനിക്ക് നല്‍കിയ ...

മനച്ചൂടിലേക്ക്  പൊട്ടിയ നീ
വിരഹിണി രാധക്ക് മോഹനവര്‍ഷ സാമീപ്യം    
അടഞ്ഞ് പോയ വസന്തങ്ങളെ തള്ളി തുറന്ന്
നിന്റെ പ്രണയാവേശം , ഒഴികില്ലെന്നുറച്ചിട്ടും
പരിവേദനങ്ങളുടെ രാത്രികളില്‍ എനിക്ക് വേണ്ടി
മാത്രമുരുകിയ തിരിയായ് നീ ..
ഏത് വര്‍ഷരാത്രിയിലും കെടാത്ത തിരി ....!




Tuesday, 14 May 2013

""വരില്ലേ ?""


കാത്ത് കാത്തിരിപ്പുണ്ടൊരു വാനം
വേവിനാഴത്തില്‍ നോവുന്നുണ്ടൊരു മനം
വരണ്ട കാറ്റില്‍ പൊള്ളുന്നുണ്ടൊരു ഉറവ
നിന്നെ പ്രതീക്ഷിച്ച് നില്പ്പുണ്ട് , ഒരു കാലം
ഇനിയും കരുണ ചൊരിയാതെ എങ്ങോ
മറഞ്ഞിരിക്കും നിന്റെ കുളിര്‍കണങ്ങള്‍ക്കായി
നോയമ്പ് നോറ്റിരിക്കുന്നുണ്ടൊരു ജനത ..

Monday, 22 April 2013

മായം ..

പൂത്തൊരു പൂമര കൊമ്പിലൊന്നില്‍
താളം പകര്‍ന്നൊരു കുയിലിനോടൊന്ന്
ഹൃദയത്തിനകത്തേക്ക് പോകുവനായി 
പാത തെളിക്കുന്ന കാലമൊന്നില്‍
രാവിന്‍ മടിയിലെരിഞ്ഞ ചന്ദ്രന്‍
കാകന്റെ കൂട്ടിലെ  മായം കണ്ടു
സൂര്യനോടൊന്നോതിയപ്പോള്‍                       
കൂകി പറന്നതൊ കുയിലുണ്ണികള്‍ ......

Friday, 12 April 2013

കാണാതായി ..

മിഴികളില്‍ കൊന്നപൂത്തു
കാതില്‍ വിഷുപ്പക്ഷി ചിലച്ചു
അകം പുറം പൊള്ളിയ ജീവിതം
അകന്ന് പോയൊരു  വിഷുവിനെ  തേടുന്നു .

" വിഷുവാശംസകള്‍ "

Saturday, 30 March 2013

ബൈപ്പാസ്

പ്രണയചഷകം , മുഴുപ്പിക്കാതെ മുന്നിലുണ്ട് ...
വരികളായും , മിഴികളായും പിന്നിലും ...
മനസ്സുകള്‍ റാകി പറക്കുന്നുണ്ട് ...
പിടിയിലൊതുങ്ങാതെ ഒളിക്കുന്നുണ്ട് ഹൃദയം ..
ഒരിക്കല്‍ , എത്ര ഒളിമാളങ്ങളിലും കണ്ണെത്തുന്ന
അനിവാര്യതയില്‍ മിടിക്കുന്നുണ്ട് ജീവനിപ്പൊഴേ ..!

Wednesday, 13 March 2013

ഞാനും നീയും തമ്മില്‍ ..

വഴിതെറ്റി പോയിട്ടും
വനമല്ലികയില്‍ വിടര്‍ന്ന
വനജ്യോത്സ്നയാണു നീ ..
ഞാന്‍ കാടിനും നാടിനും , അഭിമതയായവള്‍ ..


Wednesday, 20 February 2013

സ്വസ്തി ..

കണ്ണും കാതും പൂട്ടി
കാഴ്ചകളെ  അറുത്ത്
കേള്വികളെ  അകറ്റി
സ്വസ്തി  തേടണം ..................
നിരന്തരമായ മൃഗീയ കണ്ണുകളില്‍ നിന്നകന്ന് ..
പെണ്ണായി പോയല്ലൊ എന്ന ഭീതിയില്ലാതെ ..